ഭക്ഷണത്തിൽ ദിവസവും നിറത്തിനും രുചിക്കുമായി ചേർക്കുന്ന ഒരു സുഗന്ധ
വ്യഞ്ജനം ആണ് മഞ്ഞൾ. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ‘കുർകുമിൻ ‘ എന്ന ഘടകം ആണ്
മഞ്ഞളിന് മഞ്ഞ നിറം നൽകുന്നത്. ആയുർവേദ ഗ്രന്ഥങ്ങളിൽ ധാരാളമായി
മഞ്ഞളിന്റെ ഗുണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. സൗന്ദര്യ വർധക വസ്തുക്കളിൽ
മിക്കവയിലും മഞ്ഞളിന്റെ ഒരു അംശം എങ്കിലും കാണാറുണ്ട് . എണ്ണകൾ ,
ക്രീമുകൾ ഇവയിലും വീട്ടിൽ തന്നെ തയ്യാറാക്കുന്ന മുഖലേപനങ്ങളിലും മഞ്ഞൾ
ചേർക്കാറുണ്ട്.
മഞ്ഞൾ ഒരു അണുനാശിനി കൂടിയാണ്– ചെറിയ മുറിവുകൾ ഉണ്ടായാൽ അവയിൽ അല്പം മഞ്ഞൾ പൊടി ഇട്ടാൽ ആ മുറിവുകൾ വളരെ
വേഗം ഉണങ്ങുന്നതായി കാണാറുണ്ട് . നമ്മുടെ ദൈനംദിന ജീവിതത്തിൽ
ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ദിവ്യ ഔഷധം ആണ് മഞ്ഞൾ .
ചര്മപ്രശ്നങ്ങൾ പരിഹരിക്കുന്നു – ചർമത്തിൽ കാണപ്പെടുന്ന കറുത്തപാടുകൾ ,
ചെറിയ തടിപ്പുകൾ , മുഖക്കുരുവിന്റെ പാടുകൾ ,സ്ട്രെച്ച് മാർക്കുകൾ
ഇവയൊക്കെ മാറുവാൻ ദിവസവും മഞ്ഞൾ അരച്ചതിൽ അല്പം തേൻ ചേർത്ത ചാലിച്ച്
പുരട്ടി 20 മിനിറ്റ് കഴിഞ്ഞു കഴുകിക്കളഞ്ഞാൽ മതി .
കുഴിനഖം മാറാൻ – മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കുഴിനഖം . അതിനുള്ള ഉത്തമ ഔഷധം
ആണ് തുല്യ അളവിൽ പച്ച മഞ്ഞളും മൈലാഞ്ചി ഇല അരച്ചതും ഒന്നിച്ച ചേർത്ത
ഇളക്കി നഖങ്ങളിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകി കളയുക .
ശരീരം ശുദ്ധീകരിക്കാൻ – മാലിന്യങ്ങൾ നിറഞ്ഞ ശരീരം പെട്ടെന്ന് രോഗങ്ങൾ
വരാൻ കാരണമാകുന്നു. ശരീരം ശുദ്ധീകരിക്കുന്നതിൽ മഞ്ഞളിന് വലിയ പങ്കുണ്ട് .
ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ ഒരു നുള്ളു മഞ്ഞൾപൊടി ചേർത്ത വെള്ളം
ഒരു ഗ്ലാസ് കുടിച്ചാൽ മതി .
മഞ്ഞൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
മഞ്ഞളിലെ കുർകുമിൻ ശരീരത്തിന് ശരിയായ അളവിൽ
ലഭിക്കണം എങ്കിൽ ചില പദാർത്ഥങ്ങൾ കുടി ചേരണം. അത് ഏതൊക്കെയാണെന്ന്
നോക്കാം .
മഞ്ഞളും കുരുമുളകും – മഞ്ഞളിന് ഒപ്പം ഒരു നുള്ളു കുരുമുളക് പൊടി കൂടി
ചേർത്ത് കഴിക്കുകയോ ആഹാരം പാകം ചെയ്യുമ്പോൾ ചേർക്കുകയോ ചെയ്താൽ മഞ്ഞളിൽ
അടങ്ങിയിരിക്കുന്ന കുർകുമിൻ ശരിയായ അളവിൽ ലഭിക്കും .
മഞ്ഞളും പാലും – മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ കൊഴുപ്പ് അടങ്ങിയ
പദാർത്ഥങ്ങൾക്ക് ഒപ്പം ലയിക്കുന്നതാണ്. അതിനാൽ പാലിലും പാൽ
ഉത്പന്നങ്ങളിലും അല്പം മഞ്ഞൾ ചേർക്കാവുന്നതാണ്.
ദിവസവും മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വിധം
- ആഹാരം പാകം ചെയ്യുമ്പോൾ കറികളിലും തോരൻ , മെഴുക്കുപുരുട്ടി ഇവയൊക്കെ തയ്യാറാക്കുമ്പോൾ ഇവയിൽ അല്പം മഞ്ഞൾ പൊടി ചേർക്കുന്നതോടൊപ്പം ഒരു നുള്ളു കുരുമുളക് പൊടി കുടി ചേർത്തു ഉപയോഗിക്കാവുന്നതാണ്.
- രാത്രി കിടക്കും മുൻപ് ഒരു ഗ്ലാസ് പാലിൽ അല്പം മഞ്ഞൾ പൊടിയും ഒരു നുള്ളു കുരുമുളക് പൊടിയും ചേർത്തു ചെറുചൂടോടെ കുടിയ്ക്കാൻ ഉപയോഗിക്കാം.
- സൂപ്പുകൾ തയ്യാറാക്കുമ്പോൾ അതിൽ കുരുമുളക്പൊടിയ്ക് ഒപ്പം ഒരു നുള്ളു മഞ്ഞൾ പൊടി കൂടി ചേർത്ത് ഉപയോഗിക്കാം.
സൗന്ദര്യ സംരക്ഷണ കാര്യങ്ങളിൽ പച്ചമഞ്ഞൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ ആഹാരം തയ്യാറാക്കുമ്പോൾ ഉണങ്ങിയ മഞ്ഞൾ പൊടി
ഉപയോഗിക്കുന്നതാണ് നല്ലത്. പച്ചമഞ്ഞൾ വെയിലത്തു ഉണക്കി പൊടിച്ചു ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് പഴയകാലം മുതൽ ചെയ്തുവരുന്ന
പച്ചമഞ്ഞൾ പുഴുങ്ങി എടുത്ത് വെയിലത്തു ഉണക്കി പൊടിച്ച ഉപയോഗിക്കുന്ന രീതി
തന്നെ ആണ് എന്ന് ഓർമിക്കുക.